‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. പാർക്കിന് നൽകിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി പാർക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകുകയുള്ളൂ എന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
ജില്ലാ കളക്ടറുമായി അപകടത്തെക്കുറിച്ച് സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇതേ പാർക്കിൽ മുൻപും അപകടം സംഭവിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു ദുരനുഭവം ഉണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോയതെന്നും ഇതാണ് വീണ്ടും അപകടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.