എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലൈഫ് പദ്ധതിക്കൊപ്പം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി വീട് നിർമ്മിക്കുന്ന പ്രത്യേക പദ്ധതി സമാന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും നിയമനങ്ങളിൽ എസ്സി–എസ്ടി വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ ഇടപെടും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സി.എസ്.ഡി.എസിന് കോളേജ് അനുവദിച്ചിരുന്നെങ്കിലും അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. ആ കോളേജ് പദ്ധതി നടപ്പാക്കുമെന്നും, അത് ഉമ്മൻചാണ്ടിയോടുള്ള ആദരവായിരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ബജറ്റിൽ കുറവ് വന്നിട്ടുണ്ടെങ്കിലും എസ്സി–എസ്ടി വിഭാഗങ്ങൾക്കുള്ള ഫണ്ടിനെ ബാധിക്കാത്ത രീതിയിലാണ് സർക്കാർ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന അധ്യായമാണ് കല്ലുമാല ബഹിഷ്കരണ സമരമെന്നും, സമൂഹത്തിൽ ഇനിയും തുടരേണ്ട നവോത്ഥാന പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.