സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിലെ പ്രശസ്തമായ ലാൽബാഗ് ഫ്ലവർ ഷോയുടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 6 മുതൽ 17 വരെ നടക്കുന്ന പുഷ്പമേളയിൽ ഇത്തവണ പുരാതന ഇന്ത്യൻ ശിൽപകലയും യുദ്ധ ആനകളുമാണ് പ്രധാന പ്രമേയം.

കർണാടക ഹോർട്ടികൾച്ചർ വകുപ്പിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വർണാഭമായ പൂക്കൾ ഉപയോഗിച്ച് ഭീമാകാരമായ പുഷ്പശിൽപങ്ങളാണ് ഒരുക്കുന്നത്. ഇന്ത്യയുടെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന ശിൽപങ്ങൾ, യുദ്ധ ആനകളുടെ മാതൃകകൾ, പുരാതന ക്ഷേത്ര ശൈലിയിലുള്ള പുഷ്പനിർമിതികൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിക്കുന്ന ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ചാണ് അലങ്കാരങ്ങൾ ഒരുക്കുന്നത്. പുഷ്പങ്ങളുടെ വിന്യാസം, ലൈറ്റിങ്, ഉദ്യാന അലങ്കാരം എന്നിവയുടെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന അവധിയും വാരാന്ത്യവും കണക്കിലെടുത്ത് ഇത്തവണ ലക്ഷക്കണക്കിന് സന്ദർശകർ ലാൽബാഗിലെത്തുമെന്നാണ് ഹോർട്ടികൾച്ചർ വകുപ്പ് പ്രതീക്ഷിക്കുന്നത്. സുരക്ഷ, വാഹന പാർക്കിങ്, തിരക്ക് നിയന്ത്രണം എന്നിവയ്ക്കുള്ള പ്രത്യേക ക്രമീകരണങ്ങളും അധികൃതർ ഒരുക്കുന്നുണ്ട്.

ദിവസവും രാവിലെ 7.00 മുതൽ വൈകിട്ട് 7.00 വരെ സന്ദർശകർക്കായി മേള തുറന്നിരിക്കും. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ പ്രശസ്തമായ ഗ്ലാസ് ഹൗസിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.

പുഷ്പമേളയ്ക്കുള്ള ടിക്കറ്റ് നിരക്കും ഹോർട്ടികൾച്ചർ വകുപ്പ് പ്രഖ്യാപിച്ചു. മുതിർന്നവർക്ക് ₹80 മുതൽ ₹100 വരെ ടിക്കറ്റിന് നൽകണം. കുട്ടികൾക്ക് ₹30 ആണ് പ്രവേശന നിരക്ക്. അതേസമയം, സ്കൂൾ യൂണിഫോമിൽ എത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Related Posts