ബെംഗളൂരുവിലെ നമ്മ മെട്രോ മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ഹെബ്ബാൾ–സർജാപുര പാതയുടെ പുതുക്കിയ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ചു.
2025 ജനുവരിയിലാണ് റെഡ് ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ₹25,999 കോടി ചെലവിൽ നടപ്പാക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൻ്റെ കിഴക്കൻ-വടക്കൻ മേഖലകളിലേക്കുള്ള പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.
ഹെബ്ബാളിന് സമീപം നിർദേശിച്ചിരുന്ന വെറ്ററിനറി കോളജ് മെട്രോ സ്റ്റേഷൻ ഒഴിവാക്കിയാണ് പുതിയ ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. മേക്കറി സർക്കിൾ മുതൽ ഹെബ്ബാൾ വരെ 22 കിലോമീറ്റർ നീളത്തിൽ തുരങ്ക റോഡ് നിർമാണം ആരംഭിച്ചതോടെയാണ് പദ്ധതി പുനഃപരിശോധിച്ചത്. തുരങ്കപാതയുടെ നിർമാണം കാരണം വെറ്ററിനറി കോളജ് സ്റ്റേഷൻ്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് സ്റ്റേഷൻ ഒഴിവാക്കാൻ തീരുമാനിച്ചത്.
ആദ്യ ഡിപിആർ പ്രകാരം 37 കിലോമീറ്റർ നീളമുള്ള റെഡ് ലൈനിൽ 11 ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 28 സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. എന്നാൽ വെറ്ററിനറി കോളജ് സ്റ്റേഷനും സമീപത്തെ ഗംഗാനഗർ സ്റ്റേഷനും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററിൽ താഴെയായതിനാൽ യാത്രാസൗകര്യത്തെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഗംഗാനഗർ സ്റ്റേഷൻ മാത്രം നിലനിർത്താൻ തീരുമാനിച്ചത്.