ദക്ഷിണ ബെംഗളൂരുവിൽ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചന്നമനകെരെ അച്ചുകട്ട് മേഖലയിലെ ബനശങ്കരി പാർക്കിന് സമീപത്തെ വാടകവീട്ടിലാണ് വ്യാഴാഴ്ച രാവിലെ ദാരുണ സംഭവം നടന്നത്.

മനോജ് (28), ഭാര്യ സ്വപ്ന (28) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശികളായ ഇവർ മൂന്ന് വർഷം മുമ്പാണ് വിവാഹിതരായത്. മനോജിൻ്റെ മാതാപിതാക്കളോടൊപ്പമാണ് ബെംഗളൂരുവിൽ താമസിച്ചിരുന്നത്. സ്വപ്ന ഗർഭിണിയായിരുന്നു.

പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ, ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് മനോജ് നായയെ നടത്താൻ ഉപയോഗിക്കുന്ന നൈലോൺ ഡോഗ് ലീഷ് ഉപയോഗിച്ച് സ്വപ്നയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. തുടർന്ന് അതേ ലീഷ് ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തതായും അന്വേഷണ സംഘം കരുതുന്നു.

വീട്ടിൽ നിന്ന് തർക്കശബ്ദം കേട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വാതിൽ ബലമായി തുറന്നപ്പോഴാണ് സ്വപ്നയെ മരിച്ച നിലയിലും മനോജിനെ ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തിയത്. ഫോറൻസിക് സംഘവും സംഭവസ്ഥലം പരിശോധിച്ചു.

ദക്ഷിണ ബെംഗളൂരു ഡിസിപി കോന വംശി കൃഷ്ണയുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിൻ്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Related Posts