വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപിയുടെ നേർക്ക് സൈബർ ആക്രമണം നടത്തിയെന്ന് പരാതി. മൈസൂരുവിൽ താമസിക്കുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശിനി മൈസൂർ സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടങ്ങി. മൈസൂരുവിലെ മലയാളി യുവതിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് കുണ്ടറ ബേബിയെന്ന പേരിലുണ്ടാക്കിയ വ്യാജ ഫെയ്‌സ്ബുക്ക് ഐഡിയിൽനിന്നാണ് കെ.സി. വേണുഗോപാലിൻ്റെ നേർക്ക് സൈബർ ആക്രമണമുണ്ടായത്.
സഹോദരിയുടെ പേരിലുള്ള ഫോൺ നമ്പറാണിതെന്നും പത്തുവർഷത്തിലേറെയായി താനാണിത് ഉപയോഗിച്ചുവരുന്നതെന്നും യുവതി പറഞ്ഞു. ഈ നമ്പർ ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. പേജ് നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.