ബെംഗളൂരുവിൽ ബസിലെ യാത്രക്കാരനെ മർദിക്കുകയും ബസിൽ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്തെന്ന ആരോപണത്തെ തുടർന്ന് ബി.എം.ടി.സി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. നെലമംഗലയിലെ അരിശിനകുണ്ടിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിന് സമീപം നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിച്ചത്.

വൈറലായ വീഡിയോയിൽ കണ്ടക്ടർ യാത്രക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും തുടർന്ന് മർദിച്ച് ബസിൽ നിന്ന് പുറത്തേക്ക് തള്ളുന്നതും കാണാനാകുന്നുണ്ട്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ബി.എം.ടി.സി ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തി കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ബി.എം.ടി.സി അറിയിച്ചു. യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് ജീവനക്കാർക്ക് വീണ്ടും നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.

Related Posts