കൊല്ലത്ത് സർവീസ് നടത്തുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടുകൊണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ്റെ പരാതിയെ തുടർന്ന് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിജിത്തിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
ഈ മാസം 18-ന് പുലർച്ചെ ആറുമണിയോടെ കൊട്ടാരക്കര–കൊല്ലം റൂട്ടിൽ ഓടിയ ബസിലായിരുന്നു സംഭവം. യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്.
ഡ്രൈവറുടെ ലൈസൻസും രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മൊഴിയെടുത്തതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. സസ്പെൻഷനൊപ്പം മോട്ടോർ വാഹന വകുപ്പിൻ്റെ ട്രാഫിക് ബോധവത്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്നും എൻഫോഴ്സ്മെന്റ് വിഭാഗം നിർദേശിച്ചിട്ടുണ്ട്.