ജനകീയ സമരത്തെത്തുടര്‍ന്ന് കോളക്കമ്പനി പൂട്ടിയ പാലക്കാട് ജില്ലയിൽ പുതുതായി അനുമതി നൽകിയ മദ്യക്കമ്പനിക്ക് സർക്കാർ തന്നെ വെള്ളവും നൽകും. കമ്പനിക്ക് ആവശ്യമായ മുഴുവൻ ജലവും നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പദ്ധതിക്കുള്ള ശുപാർശയിൽ എക്സൈസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഉൾപ്പെടുന്നതാണ് സർക്കാർ ഉത്തരവ്. മദ്യനിർമാണത്തിന് ഒയാസിസ് കൊമേഴ്‌സ്യൽ എന്ന കമ്പനിക്കാണ് അനുമതി നൽകിയത്. കമ്പനി നൽകിയ പദ്ധതിരേഖയിൽ ഭൂഗർഭജലം ആവശ്യമില്ലെന്ന് ഉണ്ട്. മഴവെള്ളം സംഭരിക്കാനും പദ്ധതിയുണ്ട്. കമ്പനിക്ക് പാലക്കാട് കിൻഫ്രപാർക്കിൽ ജല അതോറിറ്റി തുടങ്ങുന്ന പ്ലാൻ്റിൽ നിന്നാണ് വെള്ളം നൽകുന്നത്. വ്യവസായിക നിരക്ക് ഈടാക്കും. മഴവെള്ളം നൽകുന്നതിനുള്ള പ്ലാൻ്റിൻ്റെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങി. ആദ്യഘട്ടത്തിൽ 12.5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ശുദ്ധീകരണ ശാലയാകും തുടങ്ങുക.
മദ്യനിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ അരിയും ഉൾപ്പെടുനുണ്ട്. പാലക്കാടുതന്നെ കമ്പനി സ്ഥാപിക്കുന്നതിൻ്റെ ലക്ഷ്യവും അരിയുടെ ലഭ്യതയാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാരിന് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നുമുള്ള വാദവും റിപ്പോർട്ടിലുണ്ട്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണ യൂണിറ്റാണ് വരുന്നത്. 16 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ളതാണ് ആദ്യ യൂണിറ്റ്. വർഷത്തിൽ 330 ദിവസം പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉത്തരവിൽ നൽകിയിട്ടുണ്ട്. എത്ര ലിറ്റർ വെള്ളം വേണമെന്നകാര്യം പരാമർശിച്ചിട്ടില്ല. രണ്ടാംഘട്ടത്തിലേ സ്പിരിറ്റുണ്ടാക്കുന്നുള്ളൂ. മൂന്നാംഘട്ടത്തിൽ ബ്രാണ്ടി, വൈനറി പ്ലാൻ്റും നാലാം ഘട്ടത്തിൽ ബ്രുവറി പ്ലാൻ്റുമാണ് നിർമിക്കുക. 600 കോടിയാണ് കമ്പനിയുടെ മുതൽമുടക്ക്.
രണ്ടുവർഷം മുൻപ് കഞ്ചിക്കോട്ട് കമ്പനി 24 ഏക്കർ കമ്പനി വാങ്ങിയിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ മദ്യനിർമാണ യൂണിറ്റുള്ളതിനാൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള കമ്പനിയാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ടെൻഡർ വിളിച്ച് നടത്തേണ്ടതല്ലെന്നും മദ്യനയത്തിലെ സ്‌പിരിറ്റ് നിർമാണം പ്രോത്സാഹിപ്പിക്കുമെന്ന നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ യോഗ്യത നോക്കി അനുമതി നൽകിയതെന്നുമാണ് സർക്കാർ ന്യായം. ഒരു കമ്പനി മാത്രമാണ് അപേക്ഷിച്ചത്. നിലവിലുള്ള നിയമങ്ങൾ പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. സംസ്ഥാനത്തിന് വരുമാനനേട്ടവും ഉണ്ടാകും. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചില ഉദ്യോഗസ്ഥരുംമാത്രം ഒത്തുചേർന്നുള്ള തീരുമാനമാണിത്.