നീറ്റ് യുജി പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു. ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈൻ രീതിയിൽ നടത്താനാണ് ലക്ഷ്യമിടുന്നത്.
ഈ വർഷം മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപ്പേപ്പർ ചോർച്ച വിവാദങ്ങളാണ് പരീക്ഷാ രീതിയിൽ മാറ്റം കൊണ്ടുവരാൻ കാരണമായത്. രാജസ്ഥാനിലെ സികാറിൽ പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ചോദ്യാവലിയിലെ നിരവധി ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപ്പേപ്പറുമായി സാമ്യമുണ്ടെന്ന കണ്ടെത്തലാണ് അന്വേഷണത്തിന് വഴിവെച്ചത്.
രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ അന്വേഷണത്തിൽ, പ്രചരിച്ച ചോദ്യാവലിയിലെ ഏകദേശം 600 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിലെ 720 ചോദ്യങ്ങളുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ചോദ്യാവലി വ്യാപകമായി വിതരണം ചെയ്തതായും 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കി വിറ്റഴിച്ചതായും റിപ്പോർട്ടുകളുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ചോദ്യാവലി ലഭിച്ചെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.