താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വത്തിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ തുറന്ന കത്തിലൂടെ തൻ്റെ നിലപാട് വ്യക്തമാക്കി നടൻ ടിനി ടോം. സംഘടനയിലെ അംഗങ്ങൾക്കായി പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം അനീതികൾക്കെതിരെ ശബ്ദമുയർത്തിയതിൻ്റെ പേരിൽ താൻ ടാർഗറ്റ് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ചത്.
2018 മുതൽ ‘അമ്മ’യുടെ വിവിധ ഭരണസമിതികളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിന് അംഗങ്ങളോട് നന്ദി അറിയിച്ച ടിനി ടോം, സംഘടനയ്ക്കും അംഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ തള്ളിക്കളയുകയും ക്ലീൻചിറ്റ് നൽകുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയങ്ങൾ പൊതുവേദികളിൽ ചർച്ച ചെയ്യാൻ താൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാം നീതിക്കും ദൈവത്തിനും വിട്ടുകൊടുത്തുവെന്നും ടിനി ടോം വ്യക്തമാക്കി. ആരോടും പറയാതെ സ്ഥാനമൊഴിയുന്നതിൽ അംഗങ്ങളോട് ക്ഷമ ചോദിച്ച അദ്ദേഹം, ഔദ്യോഗിക പദവി ഒഴിയുകയാണെങ്കിലും സഹപ്രവർത്തകർക്കൊപ്പം തുടരുമെന്നും ഉറപ്പുനൽകി.