മുംബൈയെയും കൊങ്കണിനെയും ബന്ധിപ്പിക്കുന്ന മഹാരാഷ്ട്ര സർക്കാരിൻ്റെ പുതിയ റോ-റോ (റോൾ-ഓൺ, റോൾ-ഓഫ്) ഫെറി സർവീസ് സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. മുംബൈ – ഗോവ ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ അറുതി വരും. ഇതോടെ യാത്രാസമയം ഗണ്യമായി കുറയും. വെറും 3 മണിക്കൂർകൊണ്ട് രത്നഗിരിയിലേക്കും 5 മണിക്കൂറുകൊണ്ട് വിജയദുർഗിലേക്കും എത്താനാകും.
സാധാരണയായി റോഡ് മാർഗം 10-12 മണിക്കൂറാണ് എടുക്കുന്നത്. ഫെറിയുടെ ടിക്കറ്റിംഗ് സംവിധാനം എല്ലാത്തരം യാത്രക്കാർക്കും സൗകര്യപ്രദമായ വിധത്തിലാണ്. ഇക്കണോമി ക്ലാസിന് 2500 രൂപയിൽ ആരംഭിച്ച് ഫസ്റ്റ് ക്ലാസിന് 9000 രൂപ വരെയാണ് യാത്രാ നിരക്കുകൾ. വാഹന ഉടമകൾക്കും ഈ സേവനം ഒരു അനുഗ്രഹമാണ്. ഇരുചക്ര വാഹനങ്ങൾക്ക് 1000 രൂപ, സൈക്കിളുകൾക്ക് 600 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 30 ഇരുചക്ര വാഹനങ്ങൾ, മിനി ബസുകൾ, 50 ഫോർ വീലറുകൾ, എന്നിവ വഹിക്കാൻ കഴിയുന്ന ഫെറി, മുംബൈയിലെ ഭൗച്ച ധാക്കയെ വിജയദുർഗിലെയും ജയ്ഗഡിലെയും ജെട്ടികളുമായി ബന്ധിപ്പിക്കുന്നു.