ഇന്ത്യൻ വനിതാ ക്രിക്കറ്റിൻറെ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) മലയാളി നേതൃത്വം. കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രസിഡൻ്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിൻ്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.
മുംബൈയിൽ ഇന്ന് ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗമാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്.
ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത് ഡബ്ല്യുപിഎല്ലിൻ്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കുടിയാണ്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി, ട്രഷറർ, എന്നീ പദവികൾ വഹിച്ച് കേരള ക്രിക്കറ്റിൻ്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.