ട്വന്‍റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ റാസയും സംഘവും ഉയർത്തിയ 170 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 3 പന്ത് ബാക്കി നില്ക്കെ 146 റൺസിന് പുറത്തായി. ഓസീസ് നിരയിലെ ടോപ് സ്കോറർ 65 റൺസെടുത്ത മാറ്റ് റെൻഷോ ആണ്.
റെൻഷോയെ കൂടാതെ 17 റൺസെടുത്ത നായകൻ ട്രാവിസ് ഹെഡിനും 31 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലിനും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിംഗ് മുസറബാനിയും 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഇവാൻസുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. കൂടാതെ, വെല്ലിംഗ്ടൺ മസാകഡ്സ, റയാൻ ബേൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.