ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസിന് തൊട്ടുമുൻപ് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക. രാത്രി 7.30നാണ് മത്സരം.

എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്താണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്. ക്വാളിഫയർ 1-ൽ ആർസിബിയോട് വലിയ തോൽവി ഏറ്റുവാങ്ങിയാണ് ഗുജറാത്ത് വരുന്നത്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായി തിരിച്ചുവരാനാകും ഗുജറാത്ത് ശ്രമിക്കുക. ഈ സീസണിൽ നേർക്കുനേർ വന്നപ്പോൾ ഇരു ടീമങ്ങളും ഓരോ തവണ വീതം വിജയിച്ചിട്ടുണ്ട്.

മഴ പെയ്യുകയാണെങ്കിൽ ഓവറുകള്‍ വെട്ടിച്ചുരുക്കിയാണെങ്കിലും മത്സരം നടത്തുകയോ അതുമല്ലെങ്കില്‍ സൂപ്പർ ഓവറിലൂടെയെങ്കിലും വിജയികളെ തീരുമാനിക്കുകയോ ചെയ്യുക എന്നതാണ് ആദ്യ സാധ്യത. മഴ കാരണം സൂപ്പർ ഓവർ പോലും നടത്താൻ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ, ഐപിഎൽ നിയമത്തിലെ ക്ലോസ് 16.10.3 അനുസരിച്ച് ഫലം പ്രഖ്യാപിക്കും. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ, ലീഗ് ഘട്ടത്തിൽ പോയിന്‍റ് ടേബിളിൽ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും. ഐപിഎൽ 2026 ലീഗ് ഘട്ടത്തിൽ 18 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസ് ആകട്ടെ 16 പോയിന്‍റോടെ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതിനാൽ മത്സരം പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടാൽ ഗുജറാത്ത് ടൈറ്റൻസ് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ഞായറാഴ്ചയാണ് ഫൈനൽ. രണ്ട് മത്സരങ്ങളും രണ്ട് വ്യത്യസ്ത വേദികളിലാണ് നടക്കുന്നത് എന്നതിനാൽ തൊട്ടടുത്ത ദിവസം കളി മാറ്റിവെക്കുക സാധ്യമല്ല.

Related Posts