ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തം നടന്നിട്ട് 52 ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു വിവരവും ഇവരെക്കുറിച്ച് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ അസാധാരണ നടപടി സ്വീകരിച്ചത്.

ഒരാളെ സാധാരണയായി കാണാതായാൽ 7 വർഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ദുരന്തത്തിൻ്റെ വ്യാപ്‌തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യർത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു.

കാണാതായവരുടെ ബന്ധുക്കൾക്ക് അടിയന്തര സഹായധനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന ലക്ഷ്യം. മരിച്ചതായി പ്രഖ്യാപിക്കുന്നതോടെ, ആശ്രിതർക്ക് സർക്കാർ സഹായങ്ങൾ, ഇൻഷുറൻസ് തുക, മറ്റ് നിയമപരമായ ആനുകൂല്യങ്ങൾ എന്നിവ വേഗത്തിൽ ലഭിക്കാൻ ഇത് വഴിയൊരുക്കും.

സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് നിലവിൽ, പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ജില്ലാ അധികൃതർ സ്ഥിരീകരിച്ചു.

Related Posts