കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും കാമുകനുമടക്കം നാലുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

എട്ടാം ക്ലാസിൽ പഠിക്കുന്ന 13 വയസ്സുകാരിയാണ് കൊലപാതകത്തിന് പിന്നിലെ ആസൂത്രകയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ കാമുകനും കൊല്ലം പരവൂർ സ്വദേശികളായ 16, 17 വയസ്സുള്ള രണ്ട് സുഹൃത്തുക്കളുമാണ് കൊലപാതകം നേരിട്ട് നടത്തിയതെന്നാണ് വിവരം.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബാത്ത്റൂമിൽ എക്‌സ്‌ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതിനായി തുറന്നുവച്ചിരുന്ന ചെറിയ ഭാഗത്തിലൂടെയാണ് സംഘത്തിലെ രണ്ടുപേർ വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് മുൻവാതിൽ തുറന്ന് മൂന്നാമനെയും അകത്തേക്ക് കയറ്റി.

വീട്ടിലുണ്ടായിരുന്ന ശിവൻകുട്ടിയെ ഡൈനിംഗ് റൂമിലെ തറയിൽ വീഴ്ത്തിയ ശേഷം കൈകളും കാലുകളും കെട്ടിയിട്ട് മർദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ സംഘം കവർന്നതായും പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം കൊച്ചുമകൾക്ക് വീഡിയോ കോളിലൂടെ കാണിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം വഴിതെറ്റിക്കാനായി വീട്ടിലെ മുറികളിലും വാതിൽപ്പടികളിലും മുളകുപൊടി വിതറിയ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്.

രണ്ടുപേർ മുൻവാതിലിലൂടെ പുറത്തുപോയപ്പോൾ മൂന്നാമൻ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയ ശേഷം വീണ്ടും എക്‌സ്‌ഹോസ്റ്റ് ഫാനിനായി തുറന്ന ഭാഗത്തിലൂടെ പുറത്തുകടന്നെന്നാണ് പൊലീസ് പറയുന്നത്. കൃത്യത്തിൽ തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ കൊച്ചുമകൾ പലവിധ കഥകൾ മെനഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ പൊലീസ് അത് പൊളിച്ചടുക്കുകയായിരുന്നു. അപ്പൂപ്പനോടുള്ള വൈരാഗ്യവും വീട്ടിലുണ്ടായിരുന്ന സ്വർണം കൈക്കലാക്കാനുള്ള ലക്ഷ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിൻ്റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് 24 മണിക്കൂറിനകം കൊല്ലത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Related Posts