ബെംഗളൂരുവിലെ ചിക്കബാനവാരയിൽ ഭർത്താവിനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ ഹരിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അഭിനന്ദനും മകൻ യദുവീറും തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി തർക്കമുണ്ടായതിന് പിന്നാലെ ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ചോദ്യം ചെയ്യലിൽ ഹരിണി പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അഭിനന്ദൻ്റെ ശരീരത്തിൽ പരിക്കേറ്റ പാടുകളും ചെവിയിൽനിന്ന് രക്തം വന്നതിൻ്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായ നിലയിലായിരുന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങൾ മനഃപൂർവം നീക്കം ചെയ്തതാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു.

അഭിനന്ദൻ്റെ അമ്മയുടെ പരാതിയിൽ ചിക്കബാനവാര പൊലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചശേഷം മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Posts