സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഈ സമയത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അറിയിപ്പിൽ പറയുന്നു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കുന്നത് ഒഴിവാക്കണം. ഉയർന്ന തിരമാലകളുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്.
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും, യാനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിലെ ജനങ്ങൾ പ്രത്യേക ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.