നിയമസഭയിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്യും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മിസ നിയമത്തെക്കുറിച്ചും താടിയിലെ പരിക്കിനെക്കുറിച്ചും നിയമസഭയിൽ വിജയ് നടത്തിയ പരാമർശങ്ങൾക്കും ആംഗ്യത്തിനുമെതിരെയാണ് സ്റ്റാലിൻ കടുത്ത വിമർശനം ഉന്നയിച്ചത്. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
സിനിമാ ഷൂട്ടിങ് പോലെയാണ് വിജയ് ഭരണം നടത്തുന്നതെന്നും റീൽസുകളും ഫോട്ടോഷൂട്ടുകളും ഉപയോഗിച്ച് ഭരണപരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
“തമ്പി വിജയ്, നിങ്ങൾ പറഞ്ഞത് സത്യമാണ്. അടിയന്തരാവസ്ഥക്കാലത്തെ എൻ്റെ പോരാട്ടം ഡിഎംകെയുടെ ചരിത്രത്തിൻ്റെ ഭാഗമാണ്. ആ ചരിത്രം തിരുത്താൻ നിങ്ങൾക്ക് കഴിയില്ല,” സ്റ്റാലിൻ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ നേരിട്ട ക്രൂരമായ മർദനത്തിനിടെയാണ് തൻ്റെ താടിയെല്ലിന് പരിക്കേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി. ആ ആക്രമണം തടയുന്നതിനിടെ മുൻ മദ്രാസ് മേയറും ഡിഎംകെ എംപിയുമായ ചിട്ടി ബാബു ജയിലിൽ കൊല്ലപ്പെട്ടതായും സ്റ്റാലിൻ പറഞ്ഞു. നിയമസഭയിലെ ലൈബ്രറിയിൽ പോയി ചരിത്രം പഠിക്കണമെന്നും വിജയിനോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.
സഭയിൽ താടിയിൽ കൈവെച്ച് നടത്തിയ ആംഗ്യം ഉദ്ദേശപൂർവ്വമല്ലെന്ന വിജയിൻ്റെ വിശദീകരണത്തിന് പിന്നാലെയാണ് സ്റ്റാലിൻ്റെ പ്രതികരണം.
സർക്കാർ കമ്മീഷനെക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിജയ് നടത്തിയ പരാമർശങ്ങളും സ്റ്റാലിൻ തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ് നടത്തിയ പ്രസംഗത്തിനിടെയാണ് താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചത്. ഇത് അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ പരിക്കേറ്റ സ്റ്റാലിനെ പരിഹസിക്കുന്നതാണെന്ന വിമർശനം ഇതോടെ ഉയർന്നിരുന്നു.