കൈരളി കലാസമിതിയുടെ ഓണാഘോഷം ‘ഓണോത്സവം 2025’ ബാംഗ്ലൂരിലെ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കെ.ആർ.പുരം എംഎൽഎ ബൈരതി ബസവരാജ്, എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
പൂക്കളം മത്സരത്തോടെയാണ് ഓണോത്സവം ആരംഭിച്ചത്. തുടർന്ന് കൈരളി മഹിളാ വേദിയുടെയും കൈരളി നിലയം സ്‌കൂളിലെ വിദ്യാർത്ഥികളുടെയും യുവജന വേദിയുടെയും നേതൃത്വത്തിൽ ഫാൻസി ഡ്രസ് മത്സരം, വെറൈറ്റി എൻ്റർടെയ്ൻമെൻ്റ് പ്രോഗ്രാം എന്നിവ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
പൊതുസമ്മേളനത്തിൽ കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ, ജോയിൻ്റ് സെക്രട്ടറി കെ.രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാർ.സി, ട്രഷറർ വി.എം. രാജീവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് കലാനിലയം ഉദയൻ നമ്പൂതിരി, ചിറക്കൽ നിതീഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ ഇരട്ട തായമ്പക അരങ്ങേറി. പിന്നണി ഗായകൻ വിധു പ്രതാപും സംഘവും നയിച്ച സംഗീത നിശയായിരുന്നു ഓണോത്സവത്തിൻ്റെ പ്രധാന ആകർഷണം.