സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ തിരഞ്ഞെടുത്തതിലുള്ള ദിവ്യ എസ് അയ്യരുടെ അഭിനന്ദന പോസ്റ്റിൽ പ്രതികരണവുമായി ഭർത്താവും കോൺഗ്രസ് നേതാവുമായ കെ എസ് ശബരിനാഥൻ. മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ അടക്കം ദിവ്യയുടെ പോസ്റ്റിനെ വിമർശിച്ചതിന് പിന്നാലെയാണ് ശബരിനാഥൻ്റെ പ്രതികരണം.

ദിവ്യ അഭിനന്ദിച്ചത് രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ സദ്ദുദേശപരമായാണെങ്കിലും അതിലൊരു വീഴ്ചയുണ്ട്. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽ തന്നെ ദിവ്യയുടെ അഭിനന്ദനം സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയ തലത്തിലേയ്ക്ക് മാറി. അതുകൊണ്ടാണ് വിവാദം ഉണ്ടായത്- എന്നായിരുന്നു വിവാദത്തിൽ ശബരിനാഥന്റെ പ്രതികരണം.

‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു’- എന്നായിരുന്നു കെ കെ രാഗേഷിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിവ്യയുടെ പോസ്റ്റ്.

കെ മുരളീധരൻ പോസ്റ്റ് വിവാദമായതിന് പിന്നാലെ വിമർശനം ഉന്നയിക്കുകയായിരുന്നു. ‘പിണറായിക്ക് പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവിൽ സർവീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തിലെ ഒരു മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിന് അത്ര വിലയേ ഞങ്ങൾ കൽപ്പിക്കുന്നുള്ളൂ. സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും’- ഇങ്ങനെ ആയിരുന്നു കെ മുരളീധരൻ്റെ വിമർശനം.

Related Posts