തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കി ഒളിവിൽപ്പോയ മുഖ്യപ്രതി നാരായണദാസ് പിടിയിൽ. കൊടുങ്ങല്ലൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് രാത്രി തന്നെ കൊടുങ്ങല്ലൂർ എത്തിക്കുമെന്നാണ് വിവരം.

തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് കേസിലെ ഒന്നാം പ്രതിയാണ്. നാരായണദാസിനെ പ്രതിചേർത്ത കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. 2023 ഫെബ്രുവരി 27നാണ് അജ്ഞാത ഫോൺ സന്ദേശത്തെത്തുടർന്ന് ഷീലാ സണ്ണിയെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് എൽഇഡി സ്റ്റാമ്പിന് സമാനമായ വസ്‌തു കണ്ടെടുത്തിരുന്നു.

തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. പിന്നാലെ രാസപരിശോധനയിൽ സ്റ്റാമ്പിൽ മയക്കുമരുന്നിൻ്റെ സാന്നിദ്ധ്യമില്ലെന്ന കണ്ടെത്തലിന് ഇവരെ കുറ്റവിമുക്തയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷീലയെ നാരായണദാസ് ചതിയിൽപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. എക്സൈസ് ക്രൈംബ്രാഞ്ച് തുടർന്നാണ് ഇയാളെ കേസിൽ പ്രതിയാക്കിയത്.

പിന്നാലെ ഷീല കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ വർഷം ജനുവരിയിൽ ഹൈക്കോടതി നിർദേശത്തെ തുടർന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാർച്ച് ഏഴാംതീയതിയാണ് എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തത്.

Related Posts