പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ ജാൻമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തത്.
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സമൂഹത്തിൽ ലഹള സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. കേസെടുത്തതിന് പിന്നാലെ ജാൻമണി തൻ്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ വിശദീകരണവുമായി എത്തിയിരുന്നു. ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ തൻ്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല താൻ പരാമർശിച്ചതെന്നും കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചതെന്നും ജാൻമണി വിശദീകരിച്ചു. മലയാളം ശരിയായി സംസാരിക്കാൻ കഴിയാത്തതുകൊണ്ടാകാം തൻ്റെ വാക്കുകൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതെന്നും അവർ പറഞ്ഞു.
ഒരു കാര്യം പറയുന്നതിന് മുമ്പ് വസ്തുത പരിശോധിക്കേണ്ടിയിരുന്നുവെന്നും പിന്നീട് ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായതെന്നും ജാൻമണി വീഡിയോയിൽ വ്യക്തമാക്കി. വൈകിയാണെങ്കിലും പരസ്യമായി ക്ഷമ ചോദിക്കണമെന്ന ആഗ്രഹം കൊണ്ടാണ് വീഡിയോ പങ്കുവച്ചതെന്നും അവർ പറഞ്ഞു.