വർത്തൂർ മലയാളി അസോസിയേഷൻ (VMA) സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം മലയാളി സമൂഹത്തിൻ്റെ ഐക്യത്തിൻ്റെയും സാംസ്കാരിക പാരമ്പര്യത്തിൻ്റെയും ഉജ്ജ്വല പ്രകടനമായി മാറി. നൂറുകണക്കിന് കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം കലാവിരുന്നുകളും സംഗീതനിശയും ഓണസദ്യയും കൊണ്ട് ശ്രദ്ധേയമായി.
രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ഓണാഘോഷത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് അജീഷ് പി.കെ.അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസീദ് ഇ.ടി.സ്വാഗതം ആശംസിച്ച ചടങ്ങ് മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി ഉദ്ഘാടനം ചെയ്തു. ട്രഷറർ ശ്രീജു കെ.എസ്. നന്ദി രേഖപ്പെടുത്തി. കൾച്ചറൽ സെക്രട്ടറി പ്രജീഷ് പി കെ കലാപരിപാടികൾക് നേതൃത്വം നൽകി.
രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടികളിൽ നിരവധി അംഗങ്ങൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്ത് വേദിയെ ജീവസുറ്റതാക്കി. നൃത്തം, സംഗീതം, കുട്ടികളുടെ അവതരണങ്ങൾ എന്നിവ ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. പ്രത്യേകിച്ച് കുട്ടികളുടെ സാന്നിധ്യവും പ്രകടനങ്ങളും പ്രേക്ഷകരുടെ കൈയടി നേടി. പരിപാടിയുടെ ഭാഗമായി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ‘ഹ്യൂമൻസ് ഓഫ് വർത്തൂർ’ എന്ന പേരിൽ ആദരിച്ചു.
ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു പ്രശസ്ത ഗായകരായ ദുർഗ വിശ്വനാഥ്, അരവിന്ദ് നായർ, കലാഭവൻ പ്രതീഷ് എന്നിവർ നയിച്ച മെഗാ സംഗീതവിരുന്ന് പഴയതും പുതുതുമായ ഗാനങ്ങളിലൂടെ അവർ സൃഷ്ടിച്ച സംഗീതമഴയിൽ പങ്കെടുത്തവർ ഒന്നടങ്കം ആസ്വദിച്ചു. പരമ്പരാഗത വിഭവങ്ങളാൽ സമ്പന്നമായ വിപുലമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഓണാഘോഷ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വോളണ്ടീയർമാർ, കലാകാരന്മാർ, സ്പോൺസർമാർ, പങ്കെടുത്ത എല്ലാ അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ ആഘോഷത്തെ ശ്രദ്ധേയമാക്കിയത്.

