കർക്കടക വാവുബലിക്കായി അൾസൂർ ശ്രീനാരായണ സമിതിയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 12ന് (ബുധനാഴ്ച) നടക്കുന്ന പിതൃതർപ്പണ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരും ചടങ്ങിൽ പങ്കെടുക്കും.

ഏകദേശം 5,000 ഭക്തരെ പ്രതീക്ഷിച്ചാണ് സമിതി ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒരേസമയം 500-ലധികം പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യമുള്ള ബലിപുര, ലഘുഭക്ഷണ വിതരണം, ആതുരശുശ്രൂഷാ വിഭാഗം, ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കുള്ള താമസസൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 12-ന് പുലർച്ചെ 2.30-ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് കല്യാണീ തീർത്ഥത്തിൽ ഗംഗാപൂജ നടക്കും. പിന്നീട് ആരംഭിക്കുന്ന പിതൃതർപ്പണ ചടങ്ങുകൾ രാവിലെ 10 മണിവരെ തുടരും.

പിതൃനമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, ശാന്തിഹവനം എന്നീ വഴിപാടുകൾക്കും സൗകര്യമുണ്ടാകും. സമിതിയിലെ പൂജാരിമാർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. 16 പരികർമ്മികളും നിരവധി വോളണ്ടിയർമാരും സമിതി ഭാരവാഹികളും ചടങ്ങുകളുടെ ഏകോപനത്തിന് നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി എം. കെ. രാജേന്ദ്രൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 080-25510277, 080-25548133, 9916480089, 9448162624, 9731585889, 9739744669

Related Posts