കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം സെപ്റ്റംബർ 27, 28 തീയതികളിലായി ആഘോഷിക്കും. 27-ന് വിജിനപുര ജൂബിലി സ്കൂളിൽ വൈകിട്ട് നാലിന് നടക്കുന്ന സാഹിത്യ സംവാദത്തിൽ സാഹിത്യകാരന്മാരായ ജി.ആർ. ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ പങ്കെടുക്കും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സംവാദത്തിൽ പങ്കെടുക്കും.
28-ന് എൻആർഐ ലേ ഔട്ട് ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ രാവിലെ 10-ന് ജൂബിലി കോളേജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിര. തുടർന്ന് കലാപരിപാടികൾ. ഉച്ചക്ക് 12 മുതൽ ഓണസദ്യ. മൂന്നിന് പൊതുസമ്മേളനത്തിൽ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, ബി.എ.ബൈരതി ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്ര താരം പ്രൊഫ. ലക്ഷ്മി ചന്ദ്രശേഖർ, ജി.ആർ. ഇന്ദുഗോപൻ, വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളാകും. ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും കലാ സാഹിത്യ മത്സരത്തിലെ വിജയികൾക്കും സമ്മാന വിതരണം നടക്കും. 6.30 മുതൽ 9.30 വരെ രഞ്ജിനി ജോസ്, ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ, വയലിൻ ഫ്യൂഷണിസ്റ്റ് വിഷ്ണു അശോക് എന്നിവർ നയിക്കുന്ന ഗാനമേള അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 9986461474, 9986597770.