ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകൻ മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ചു. സമരത്തിൽ പങ്കെടുത്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിക്കുവേണ്ടിയാണ് സുപ്രീം കോടതി അഭിഭാഷകൻ വിനീത് എസ്. വർക്കലവിള നോട്ടീസ് അയച്ചത്.

മേജർ രവി തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ലൈവ് വീഡിയോയിൽ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് നോട്ടീസിലെ ആരോപണം. വിദ്യാർഥികൾക്കെതിരെ ഉന്നയിച്ച പരാമർശങ്ങൾ വസ്തുതാവിരുദ്ധവും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അഭിമാനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതുമാണെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

വിവാദമായ വീഡിയോയും അനുബന്ധ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും, ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് അതേ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും പരസ്യമായി നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കൂടാതെ, മാനനഷ്ടത്തിനുള്ള പരിഹാരമായി ₹10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസ് ലഭിച്ച് അഞ്ച് ദിവസത്തിനകം ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ ഉൾപ്പെടെ ബാധകമായ നിയമങ്ങൾ പ്രകാരം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Posts