സിപിഐ നേതാവിനെ തെലുങ്കാനയിൽ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. രാവിലെ 7.30 ന് ഹൈദരാബാദിലെ മാലക്പേട്ട് സലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും പ്രധാന നേതാക്കളിലൊരാളുമായ ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയാണ് ചന്തു റാത്തോഡ്.
കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ചന്തു മരിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്തുവിന് എതിരെ സിപിഐ എംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ ഭീഷണി മുഴക്കിയിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്.