തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ അതേ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് പിടികൂടി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന ഗ്രാമർ കോൺസെപ്റ്റ് സ്കൂൾ പ്രിൻസിപ്പൽ കെ. രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11ന് വീട്ടിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇവരുടെ ശരീരത്തിൽ 27 മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രിൻസിപ്പലിൻ്റെ വീട്ടിൽ വലിയ തുക പണമുണ്ടെന്ന് വിദ്യാർഥികൾ കരുതിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ ഹോസ്റ്റലിൽ പണവുമായി കണ്ടെത്തിയതിനെ തുടർന്ന് രൂപ റെഡ്ഡി ഇരുവരെയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ശാസിച്ചിരുന്നു. ഇതോടെ ഇവർക്ക് പ്രിൻസിപ്പലിനോട് വിരോധമുണ്ടായെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിന് ഒരാഴ്ച മുമ്പ് വിദ്യാർഥികൾ വീടിന് സമീപം നിരീക്ഷണം നടത്തിയെന്നും പൊലീസ് പറയുന്നു. ഓഗസ്റ്റ് 11ന് കത്തി, കയ്യുറ, മാസ്ക് എന്നിവ വാങ്ങിയശേഷം ഇരുവരും വീട്ടിലെത്തി. ഒരാൾ വീടിനുള്ളിൽ കയറി രൂപ റെഡ്ഡിയെ ആക്രമിച്ചപ്പോൾ മറ്റൊരാൾ പുറത്ത് കാവൽ നിന്നെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. തുടർന്ന് വീട്ടിൽ നിന്ന് ഏകദേശം 2.5 ലക്ഷം രൂപ മോഷ്ടിച്ചതായും പൊലീസ് പറയുന്നു.

കൊലപാതകത്തിന് തൊട്ടുമുമ്പ് രൂപ റെഡ്ഡി ബന്ധുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിനിടെ അവർ പറഞ്ഞ അവസാന വാക്കുകളിൽ ഒന്ന് ‘ബാബു’ എന്നതായിരുന്നു. വിദ്യാർഥികളെ സ്നേഹത്തോടെ ‘ബാബു’ എന്ന് വിളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം വിദ്യാർഥികളിലേക്ക് തിരിഞ്ഞത്.

തുടർന്ന് ഏകദേശം 70 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും 80ലേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാർഥികളുടെ പെരുമാറ്റവും കൊലപാതകത്തിന് ശേഷമുള്ള നീക്കങ്ങളും പരിശോധിച്ചാണ് രണ്ടുപേരിലേക്കെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാൽ കേസിലെ തുടർ നിയമനടപടികൾ ജുവനൈൽ നിയമപ്രകാരമായിരിക്കും.

Related Posts