ഭർത്താവ് കുത്തിക്കൊന്ന ഷിബിലയുടെ മകളെ തങ്ങൾക്കു തന്നെ വിട്ടുതരണമെന്ന് ഷിബിലയുടെ മാതാപിതാക്കൾ. കോഴിക്കോട് ജില്ലാകോടതി പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പുതുപ്പാടി കക്കാട് നാക്കിലമ്പാട് ഷിബിലയെ മാർച്ച് 18-ന് രാത്രി 7 നാണ് വീട്ടിൽക്കയറി ഭർത്താവ് യാസിർ കുത്തിക്കൊലപ്പെടുത്തിയത്.
ഭാര്യയുടെ മാതാപിതാക്കളായ ഹസീന, അബ്ദുറഹ്മാൻ എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇപ്പോൾ കുട്ടിയുള്ളത് ഷിബിലയുടെ മാതാപിതാക്കൾക്കൊപ്പമാണ്. ഷിബിലയുടെ കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി യാസിറിൻ്റെ മാതാവ് കോടതിയെ സമീപിച്ചിരുന്നു.
കുട്ടിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് കോടതി 15 മിനിറ്റ് യാസിറിൻ്റെ മാതാവിനോടൊപ്പം കുട്ടിയെ വിടാൻ നിർദേശിച്ചു. എന്നാൽ, കുട്ടി പോകാൻ തയ്യാറായില്ല. തുടർന്ന് കുട്ടിയെ ഷിബിലയുടെ മാതാപിതാക്കളുടെകൂടെ വിടാൻ കോടതി നിർദേശിച്ചു. കുടുംബക്കോടതി വീണ്ടും ഒക്ടോബർ 10-ന് കേസ് പരിഗണിക്കും.
കുട്ടിയെ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നും സംരക്ഷിക്കാൻ അനുവദിക്കണമെന്നും കുട്ടി ഒപ്പമുണ്ടെങ്കിലേ മുന്നോട്ട് ജീവിക്കാൻപറ്റുകയുള്ളൂവെന്നും ഷിബിലയുടെ മാതാവ് ഹസീന പറഞ്ഞു. കുട്ടിയെ വിട്ടുകിട്ടണമെന്ന് യാസിറിന്റെ കുടുംബം കൊലപാതകവിഷയം മറച്ചു വെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കോടതിയെ സമീപിച്ചതെന്നും ബന്ധു അബ്ദുൾ മജീദ് ആരോപിച്ചു