സെപ്റ്റംബറിൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ -പാകിസ്ഥാൻ പോരാട്ടം ഉറപ്പായി. പാകിസ്ഥാനെതിരെ കളിക്കാൻ കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യൻ ടീമിന് അനുമതി നൽകി. മറ്റ് രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചു. സെപ്തംബർ 14ന് ദുബായിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം.

കഴിഞ്ഞ മാസം നടന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കരുതെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഏഷ്യാകപ്പിൽ ഒരേ ഗ്രൂപ്പിൽ ആണ് രണ്ട് ടീമുകളും ഉൾപ്പെടുന്നത്. യുഎഇ, ഒമാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് സാധ്യത കൽപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫൈനലിൽ ഉൾപ്പെടെ രണ്ട് ടീമുകളും വീണ്ടും ഇതേ ടൂർണമെൻറിൽ പരസ്പരം മത്സരിക്കാൻ സാധ്യത കൂടുതലാണ്.

Related Posts