ബാംഗ്ളൂർ വാര്യർ സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം വർണ്ണം-2025, സെപ്‌തംബർ 21നു കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്‌സ് ക്ലബിൽ വച്ച് രാവിലെ 9.00 മുതൽ ആഘോഷിക്കും. എയർ വൈസ് മാർഷൽ ആയി ഉദ്യോഗത്തിൽ നിന്നും വിരമിച്ച സുരേഷ് കുമാർ വി.എം ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
സമാജം കുടുംബാംഗങ്ങൾ ഒരുക്കുന്ന പൂക്കളവും മറ്റു കലാപരിപാടികൾക്കുമൊപ്പം വ്യവസായ പ്രമുഖനും മിമിക്രി രംഗത്ത് ഒട്ടേറെ വേദിയിലും ദൃശ്യ മാധ്യമങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ച കലാകാരനുമായ രവികുമാർ വാരിയർ ഒരുക്കുന്ന ശബ്ദ മായാജാലം (Sound Illusion) എന്ന പ്രത്യേക കലാവിരുന്നും ഉണ്ടാകും.
മലയാള ചലചിത്ര മേഖലയിലെ പ്രശസ്‌ത നടി അശ്വതി വാരിയർ ഈ ചടങ്ങിൽ വിശിഷ്ടാതിഥി ആവും. വനിതാ അംഗങ്ങൾ അവതരിപ്പിക്കുന്ന മെഗാതിരുവാതിര ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടും. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്നതോടൊപ്പം ഉയർന്ന മാർക്കോടുകൂടി പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കു ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.