കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചതിന് പിന്നാലെ പൊള്ളലേറ്റ ഭർത്താവും മകളും മരിച്ചു. ഭർത്താവായ കനകപ്പലം സ്വദേശി സത്യപാലൻ, മകൾ അഞ്ജലി എന്നിവരാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഇതോടെ മരണം 3 ആയി. പൊള്ളലേറ്റതിനെ തുടർന്ന് സത്യപാലൻ്റെ ഭാര്യ സീതമ്മ നേരത്തേ മരിച്ചിരുന്നു.
മകൻ ഉണ്ണിക്കുട്ടൻ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടി. നാട്ടുകാരാണ് തീയണച്ച് സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സീതമ്മ മരിച്ചു.
സത്യാപാലനേയും മക്കളേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സത്യപാലനും മകൾ അഞ്ജലിയും മരിച്ചു. തീ എങ്ങനെ പടർന്നുപിടിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീടിന് തീയിട്ടു എന്നതാണ് സംശയം. കുടുംബാംഗങ്ങൾ തമ്മിൽ കലഹമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.