ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽപാതയ്ക്കായി കേരളത്തിനൊപ്പം കൈകോർക്കാൻ കർണാടക സർക്കാർ. കാഞ്ഞങ്ങാട് നിന്ന് കാണിയൂർ വഴി ബെംഗളൂരുവിലേക്കുള്ള പുതിയ റെയിൽപാതയ്ക്കുള്ള പദ്ധതിയ്ക്ക് കർണാടകയുടെ സമ്മതപത്രം ലഭിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്. കേരളത്തിൻ്റെയും കർണാടകയുടെയും അനുമതി ലഭിച്ച് കഴിഞ്ഞാൽ കേന്ദ്രത്തിൻ്റെ അനുമതിയോടെ 91.50 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ലൈൻ നിർമാണം ആരംഭിക്കാൻ കഴിയും. കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാതയ്ക്കായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനാണ് ചർച്ച നടത്തിയത്.
2014 ൽ നടത്തിയ സർവേയുടെ വിശദാംശങ്ങൾ സിദ്ധരാമയ്യ ചോദുിച്ചറിഞ്ഞിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ അഹമ്മദാബാദിൽ പാർട്ടി സമ്മേളനത്തിനിടെയാണ് കർണാടകയുടെ സമ്മതപത്രം സംബന്ധിച്ച് സിദ്ധരാമയ്യയുമായി ചർച്ച നടത്തിയത്. പദ്ധതിയുടെ വിശദമായ രേഖകളുമായി ബെംഗളൂരുവിലെത്തി മുഖ്യമന്ത്രിയെ സന്ദർശിക്കാമെന്ന് ഉണ്ണിത്താൻ അറിയിച്ചു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാമെന്ന് കർണാടക മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. ഇതെല്ലാം വിജയകരമായി നടക്കുകയാണെങ്കിൽ കാഞ്ഞങ്ങാട് – കാണിയൂർ റെയിൽ പാത യാഥാർഥ്യമാകും.

Related Posts