നടി ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കണമെന്ന അൻസിബയുടെ പരാതി വീണ്ടും പരിഗണിക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം. ലഭ്യമായ തെളിവുകൾ പരിശോധിച്ച് കേസെടുക്കാൻ തക്ക കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദേശിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ലക്ഷ്മിപ്രിയ അധിക്ഷേപിച്ചെന്നാരോപിച്ചാണ് അൻസിബ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പാലാരിവട്ടം പൊലീസ് തയ്യാറായില്ല. തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അപകീർത്തി കേസിന് മാത്രമേ നടപടിയെടുക്കാനാകൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഇതിനെതിരെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കണമെന്നും ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടോയെന്ന് മജിസ്ട്രേറ്റ് വിലയിരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൂടാതെ, തെളിവുകൾ ശേഖരിക്കുന്നതിന് പൊലീസ് അന്വേഷണം ആവശ്യമാണോയെന്നും മജിസ്ട്രേറ്റ് കോടതി പരിശോധിക്കണം. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.