കർഷകർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള സംയുക്ത കർഷകവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. എല്ലാ മേഖലകളിലുമുള്ള കർഷകരെയും പങ്കെടുപ്പിച്ചുള്ള ധർണ 2 മണിക്ക് സമാപിക്കും.

ഓണത്തിനു മുമ്പ് നെൽക്കർഷക കുടിശിക മുഴുവൻ കൊടുത്തു തീർക്കുക, നെൽസംഭരണത്തിൽ സംസ്ഥാനം കേന്ദ്രവുമായുള്ള കരാർ നടപ്പാക്കുക, കർഷകന് നെല്ലിൻ്റെ വില അവൻ്റെ അവകാശമാണ്, വില ലോണായി നല്കുന്ന പിആർഎസ് സമ്പ്രദായം അവസാനിപ്പിക്കുക, കൃഷിയെയും കർഷകരെയും കാട്ടുമൃഗ ശല്യത്തിൽ നിന്ന് രക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.

വിവിധ ജില്ലകളിൽ നിന്നെത്തുന്ന കർഷകർ രക്തസാക്ഷി മണ്ഡപത്തിൽ സമ്മേളിച്ച് അവിടെ നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റ് നടയിലെത്തിയാണ് ധർണയിൽ പങ്കെടുക്കുക. വിവിധ കാർഷികവൃത്തികളിൽ പുരസ്‌കാരം നേടിയവരും ആദരിക്കപ്പെട്ടവരുമടക്കം കർഷകരുടെ വൻനിര അണിചേരും.

Related Posts