നിയമസഭയിൽ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിൻ്റെ പേരിൽ അനധികൃത പണപ്പിരിവ് നടന്നതായി അദ്ദേഹം ആരോപിച്ചു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവർക്കെതിരെയും വിജയ് ആരോപണം ഉന്നയിച്ചു.
മുൻ ഡിഎംകെ സർക്കാരിൻ്റെ കാലത്തെ അഴിമതി സംബന്ധിച്ച ഫയലുകൾ പരിശോധിക്കാൻ ഡിഎംകെ തന്നെ വെല്ലുവിളിച്ചിരുന്നുവെന്ന് വിജയ് പറഞ്ഞു. എന്നാൽ, ഫയലുകൾ തുറക്കുന്നതിന് മുമ്പ് 1988ലെ ഡിഎംകെ ഭരണകാലത്തെ അഴിമതിയെക്കുറിച്ചുള്ള സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് വായിക്കാനാണ് താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും വിജയ് നിയമസഭയിൽ പറഞ്ഞു.
ഡിഎംകെയുടെ രാഷ്ട്രീയ നിലപാടുകളെയും വിജയ് വിമർശിച്ചു. പാർട്ടിക്ക് വോട്ട് ചെയ്യാത്തവർ മരിക്കണമെന്ന് ഡിഎംകെ നേതാവ് പറഞ്ഞതായി ആരോപിച്ച അദ്ദേഹം, ഇത്തരം മനോഭാവമുള്ള പാർട്ടി എന്തിനാണ് രാഷ്ട്രീയ രംഗത്ത് തുടരുന്നതെന്നും ചോദിച്ചു.
ടിവികെ നേതാവിൻ്റെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസ് സംവിധാനത്തിനെതിരായ വിമർശനങ്ങൾക്കും വിജയ് മറുപടി നൽകി. പൊലീസിലെ ഒഴിവുകൾ അടിയന്തരമായി നികത്തുമെന്നും കൂടുതൽ സാങ്കേതിക സംവിധാനങ്ങളോടെ പൊലീസ് വകുപ്പിനെ ഡിജിറ്റൽവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകളില്ലാതെ പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്നും വിജയ് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിമർശനങ്ങൾ ശക്തമാകാമെങ്കിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന ഭാഷ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ രാഷ്ട്രീയ വിജയത്തിന് പിന്നിൽ സ്ത്രീകളുടെ പിന്തുണ നിർണായകമാണെന്നും അവർക്കെതിരായ അധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്നും വിജയ് വ്യക്തമാക്കി. നടി തൃഷയെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
എം.ജി.ആർ, എൻ.ടി.ആർ എന്നിവർക്കുശേഷം ഇപ്പോൾ വിജയ്‌യെയും ജനങ്ങൾ തെരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകളുടെ പദ്ധതികൾ റദ്ദാക്കിയെന്ന ഡിഎംകെയുടെ ആരോപണത്തെയും വിജയ് തള്ളി. അധികാരത്തിലെത്തിയപ്പോൾ എഐഎഡിഎംകെ സർക്കാരിൻ്റെ നിരവധി പദ്ധതികൾ ഡിഎംകെയും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിഎംകെയുടെ അഴിമതിയും ഭരണവീഴ്ചകളും ജനങ്ങൾ മറന്നിട്ടില്ലെന്നും അതുകൊണ്ടാണ് ജനങ്ങൾ ടിവികെയെ തിരഞ്ഞെടുത്തതെന്നും വിജയ് കൂട്ടിച്ചേർത്തു.