ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വർണാഭമായ വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. നിയമസഭാ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നിയമസഭാ മന്ദിരവും അങ്കണവും എൽ.ഇ.ഡി ദീപങ്ങളാൽ വർണ്ണാഭമായയാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്.
ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവുണ്ടെന്ന് സ്പീക്കർ അറിയിച്ചു. ഇത്തവണ പുസ്തക പ്രദർശനത്തിന് പുറമെ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. വടക്കൻ കേരളത്തിൻ്റെ തനിമ വിളിച്ചോതുന്ന തെയ്യം പ്രദർശനം ഈ വർഷത്തെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് പുസ്തകോത്സവ ദിനങ്ങളിൽ നിയമസഭാ മന്ദിരത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നും സ്പീക്കർ പറഞ്ഞു.