കർണാടകയിൽ കടുവ സെൻസസ് ആരംഭിച്ചു. വന്യജീവി സങ്കേതങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, കടുവകളുടെ സഞ്ചാരം രേഖപ്പെടുത്തിയ വനം ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് സെൻസസ് നടക്കുക. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ, കാളി, ഭദ്ര,ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബി.ആർ.ടി), കടുവ സംരക്ഷണ കേന്ദ്രങ്ങൾ, മാലെ മഹാദേശ്വര, കാവേരി വന്യജീവി സങ്കേതങ്ങൾ എന്നിവ സെൻസസിൽ പെടും.ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിൽ നാലു വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് മുഖേന രാജ്യത്തെ കടുവകളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്താൻ സാധിക്കും.
ഹുൻസൂർ, മൈസൂരു, ഗുണ്ടൽപേട്ട് തുടങ്ങിയ വനം ഡിവിഷനുകളിൽ സെൻസസ് ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന വനം വകുപ്പ് വിവിധ സ്ഥലങ്ങളിലായി 13,024 കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം കടുവകളുടെ കൃത്യമായ ഡേറ്റ ലഭിക്കും.

ആദ്യ ഘട്ടത്തിൽ മൂന്ന് മുതൽ നാല് വരെ അംഗങ്ങളുള്ള സംഘം എല്ലാ ദിവസവും രാവിലെ അഞ്ച് കിലോമീറ്റർ ദൂരം നടന്ന് കടുവകൾ, മറ്റ് വന്യജീവികൾ, സസ്യങ്ങൾ, മരങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ രേഖപ്പെടുത്തും. പിന്നെയുള്ള രണ്ടാം ഘട്ടത്തിൽ ജീവനക്കാർ മൂന്ന് ദിവസങ്ങളിലായി ദിവസത്തിൽ രണ്ടുതവണ രണ്ട് കിലോമീറ്റർ ട്രാൻസെക്റ്റ് ലൈനുകൾ അടയാളപ്പെടുത്തും. ഇവയുടെ 400 മീറ്റർ പരിധിക്കുള്ളിലെ വിരലടയാളം, കാഷ്‌ഠം എന്നിവ രേഖപ്പെടുത്തും. മൂന്നാം ഘട്ടത്തിൽ മൃഗങ്ങളെ തിരിച്ചറിയുന്നതിനും റെക്കോഡ് ചെയ്യുന്നതിനുമായി കാമറ പരിശോധിച്ചു ചിത്രങ്ങൾ വിശകലനം ചെയ്യും. അഖിലേന്ത്യ കടുവ സെൻസസ് മാർച്ച് 26 വരെ വിവിധ ഘട്ടങ്ങളിലായി തുടരും.

Related Posts