കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെ രാത്രിയാത്ര നിരോധിച്ചു. മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.
മൂന്നാറിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. സിഎസ്ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലൂടെ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് വാഹനങ്ങൾ മൂന്നാർ ടൗണിലെത്തേണ്ടത്.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു.
അടിമാലി മേഖലയിൽ നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, നേര്യമംഗലം–വാളറ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.