ഏഷ്യാകപ്പിൽ പാകിസ്താനെതിരേ കളിക്കുന്നത് മുൻനിർത്തി ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരേ രൂക്ഷ വിമർശനവുമായി മുൻതാരം മനോജ് തിവാരി. ടീമിൻ്റെ പരിശീലകനല്ലാതിരുന്ന കാലത്ത് പാകിസ്താനെതിരേ കളിക്കരുതെന്നു പറഞ്ഞ ഗംഭീർ, ഇപ്പോൾ ഏഷ്യാകപ്പിൽ പാകിസ്താനെതിരേ കളിക്കാനിരിക്കുന്ന ഇന്ത്യൻ ടീമിൻ്റെ പരിശീലകനാണെന്ന് അദ്ദേഹം വിമർശിച്ചു. പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിക്കുന്നതുവരെ പാകിസ്താനെതിരേ കളിക്കരുതെന്ന് മുൻപ് ഗംഭീർ പറഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷവും ഗംഭീർ ഇതേ പ്രസ്താവന ആവർത്തിച്ചിരുന്നു. ഗംഭീർ ഒരു കാപട്യക്കാരനാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും തിവാരി പറഞ്ഞു.
‘ഗംഭീർ ഒരു കാപട്യക്കാരനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഇന്ത്യൻ ടീമിൻ്റെ പരിശീലകനല്ലാതിരുന്ന കാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരിക്കലും കളിക്കരുതെന്ന് പറഞ്ഞ വ്യക്തിയാണ്. ഇപ്പോൾ എന്തുചെയ്യും? ഏഷ്യാകപ്പിൽ പാകിസ്താനെതിരേ കളിക്കാൻ പോകുന്ന ടീമിൻ്റെ പരിശീലകനാണ് അദ്ദേഹം. പാകിസ്താനുമായി കളിക്കുന്നതിനാൽ താൻ ഇന്ത്യൻ ടീമിൻ്റെ ഭാഗമാകില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന് എന്തുകൊണ്ട് രാജിവെച്ചുകൂടാ?’ -തിവാരി ചോദിച്ചു.