ലോക്ഭവനിൽ മത്സ്യവും മാംസവും വിളമ്പേണ്ടെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിൻ്റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും ഇക്കാര്യത്തിൽ മറ്റുള്ളവരല്ല തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പി.പി.ദിവ്യക്കെതിരായ വിജിലൻസ് കേസിൽ അന്വേഷണം നടത്താനുള്ള അനുമതിയുമായി ബന്ധപ്പെട്ടും ചെന്നിത്തല പ്രതികരിച്ചു. കേസിൻ്റെ മുഴുവൻ ഫയലും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുതന്നെ അന്വേഷണത്തിന് അനുമതി നൽകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യക്കെതിരായ ആരോപണങ്ങൾ അന്വേഷണം ആവശ്യപ്പെടുന്നതാണെന്നും അതിനാലാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അനുമതി നൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി. അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവരട്ടെയെന്നും തീരുമാനത്തിൽ തെറ്റില്ലെന്ന് ഉറച്ച ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.