സൗദി അറേബ്യയിലെ നാല് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്.
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ യാത്രാ മാർഗനിർദേശത്തിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്ന് ഇൻഡിഗോ അറിയിച്ചു.
സർവീസുകൾ റദ്ദാക്കിയ വിവരം ബുക്കിങ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് സർവീസ് സംബന്ധിച്ച വിവരങ്ങൾ ഉറപ്പാക്കണമെന്നും കമ്പനി നിർദേശിച്ചു.