കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌താൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ അറബിക്കടലിൽ നാവികഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. നാവികസേന പ്രകടനം നടത്തുന്നത് പാകിസ്‌താൻ്റെ സമുദ്രമേഖല അതിർത്തിയ്ക്ക് സമീപത്താണ്.

നാവികാഭ്യാസം ഏപ്രിൽ 30 മുതൽ മേയ് 2 വരെ തുടരും. അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ സമുദ്രമേഖലയിൽ സേന വിന്യസിച്ചിരിക്കുകയാണ്. സാധാരണയായി നടത്തി വരുന്നതാണെങ്കിലും സംഘർഷ സാഹചര്യത്തിൽ ശ്രദ്ധയായിരിക്കുകയാണ് നാവികസേനാഭ്യാസം.

ഇന്ത്യൻ നാവികസേന പാകിസ്താന് ആശങ്കയുണർത്തുന്ന വിധത്തിലാണ് ആയുധ പരീക്ഷണങ്ങൾ നടത്തുന്നത്. ദീർഘദൂര കപ്പൽവേധ മിസൈലുകൾ കഴിഞ്ഞ ദിവസം സേന പരീക്ഷിച്ചിരുന്നു. സേനയുടെ ആയുധ സംവിധാനങ്ങളുടെ ക്ഷമതയാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏതു സാഹചര്യത്തേയും നേരിടാൻ സജ്ജമാണെന്ന് നാവികസേന ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

അതിന് രണ്ടുദിവസം മുൻപ് യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് 70 കിലോമീറ്റർ പ്രഹരശേഷിയുള്ള മധ്യദൂര മിസൈൽ പരീക്ഷണവും സേന നടത്തിയിരുന്നു. സജ്ജമായ യുദ്ധക്കപ്പലുകളുടെ കരുത്ത് വ്യക്തമാക്കി ചിത്രമുൾപ്പെടെ പാകിസ്‌താന് താക്കീതുമായി ഒരു എക്സ് പോസ്റ്റും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ നാവികസേന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഒരു ദൗത്യവും അപ്രാപ്യമല്ല എന്ന കുറിപ്പും സേന പോസ്റ്റിനൊപ്പം ചേർത്തിരുന്നു.

Related Posts