കഞ്ചാവ് കേസില്‍ റാപ്പര്‍ വേടന് (ഹിരണ്‍ദാസ് മുരളി) ജാമ്യം. ഫ്ളാറ്റില്‍ നിന്ന് ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. പിടിച്ചെടുത്ത കഞ്ചാവിൻ്റെ അളവ് കുറവായതിനാലാണ് സ്റ്റേഷന്‍ ജാമ്യം കിട്ടിയത്. വേടനൊപ്പം കേസില്‍ അറസ്റ്റ് ചെയ്ത മ്യൂസിക് ബാന്‍ഡിലെ അംഗങ്ങളായ 8 പേരെയും ജാമ്യത്തില്‍ വിട്ടു. എന്നാൽ മാലയില്‍ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതോടെ വേടനെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ വേടനെ കോടനാട്ടേക്ക് കൊണ്ടുപോകും. കോടതിയില്‍ നാളെ ഹാജരാക്കും.

തന്നെ ആരും കുടുക്കിയതല്ലെന്നും കേസില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും ഇപ്പോള്‍ അത് പറയാന്‍ പറ്റുന്ന സാഹചര്യമല്ലെന്നും വേടന്‍ പ്രതികരിച്ചു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ്റെ മൊഴി. മുന്നേ തായ്ലാന്‍ഡില്‍ നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്.

Related Posts