ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പങ്കില്ലെന്ന് അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍. ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. മയക്കുമരുന്നിന് അടിമയാണ് ഷൈന്‍. അതുകൊണ്ടാണ് വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവര്‍ക്കെതിരെ നിലവില്‍ തെളിവില്ല. മൂന്നു പേരെയും ചില സംശയങ്ങള്‍ തീര്‍ക്കാനാണ് വിളിച്ചു വരുത്തിയത്.
കാര്യങ്ങളില്‍ കുറച്ച് വ്യക്തത വന്നിട്ടുണ്ട്. വേണ്ടിവന്നാല്‍ വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കും. നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡലായ സൗമ്യയേയും എട്ടുമണിക്കൂറിലേറെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷൈന്‍ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നുവെന്ന് എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് നടനെ മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.