സംസ്ഥാനത്തെ എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ ലഹരിയാണെന്നും ഈ പ്രശ്‌നങ്ങളുടെയെല്ലാം ആദ്യ ഉത്തരവാദി സർക്കാരാണെന്നും രമേശ് ചെന്നിത്തല. സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ അടിയന്തരപ്രമേയം സഭയിൽ അവതരിപ്പിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
താമരശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിൻ്റെ മരണവും വെഞ്ഞാറമൂട് കൂട്ടക്കൊലയും ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.
ലഹരി മാഫിയയുടെ നീരാളിപ്പിടിത്തത്തിലാണ് കേരളം. കുട്ടികളുടെ ജീവിതം പുകഞ്ഞ് ഇല്ലാതാകുന്നു. 9 വർഷമായി ലഹരിക്കെതിരേ ഈ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്നും ചെന്നിത്തല ചോദിച്ചു.
ലഹരിവിരുദ്ധ പ്രചാരണം പരാജയപ്പെട്ടു. സമ്പൂർണമായി പരാജയപ്പെട്ട പദ്ധതിയാണ് വിമുക്തി. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങുന്നത് എന്തിനാണ്? സംസ്ഥാനത്ത് മദ്യം ഒഴുക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ ലഹരിയാണ്. ഈ പ്രശ്‌നങ്ങളുടെയെല്ലാം ആദ്യ ഉത്തരവാദി സർക്കാരാണെന്നും ചെന്നിത്തല വിമർശിച്ചു.