കർണാടകയിൽ വേനൽക്കാല ലോഡ് ഷെഡിങ് ഉണ്ടാവില്ലെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ്. എല്ലാ വൈദ്യുതി വിതരണ കമ്പനികളുടെയും ഊർജ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും ചെയർമാൻ മാരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരു ന്നു മന്ത്രി ജോർജ്.
വേനൽക്കാലത്ത് 19,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാൻ ഊർജ വകുപ്പ് സജ്ജമാണ്. കർഷകരുടെ ജലസേചന പമ്പ്സെറ്റുകൾക്ക് ഏഴ് മണിക്കൂർ വൈദ്യുതിയും മറ്റ് ആവശ്യങ്ങൾക്ക് 24 മണിക്കൂർ വൈദ്യുതിയും നൽകുമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ വൈദ്യുതി ലഭ്യമാണ്.
പ്രാദേശികതലത്തിൽ വൈദ്യുതി മുടക്കത്തിന് കാരണമായേക്കാവുന്ന സാങ്കേതിക തകരാറുകൾ ഒഴികെ ഒരു സാഹചര്യത്തിലും ലോഡ് ഷെഡിങ് എന്ന ചോദ്യം ഉയർന്നുവരില്ല. സംസ്ഥാനം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ സൂചനയാണ് ഊർജ ഉൽപാദനത്തിലെ വർധനയെന്ന് മന്ത്രി ജോർജ് അവകാശപ്പെട്ടു.