കർണാടകയിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കർണാടകയിലെ പല പ്രദേശങ്ങളിലും തലസ്ഥാനമായ ബംഗളുരുവിലും കനത്ത മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പ് കർണാടകയുടെ വിവിധ ജില്ലകളിൽ ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചു.
നാളെ വരെ തീരദേശ മേഖല, മലനാട്, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ മഴയും ശക്തമായ കാറ്റുണ്ടാകുമെന്നാണ് പ്രവചനം. പ്രതിദിനം 115.6 മില്ലിമീറ്ററിനും 204.4 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇത് വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സത്തിനും കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവയുൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ തലസ്ഥാനത്തേക്കാൾ ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. ബെലഗാവി, ബിദർ, കലബുറഗി, യാദ്ഗിർ, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ, വിജയപുര, തുമകുരു, മൈസൂരു എന്നിവിടങ്ങളിൽ വ്യാപകമായ മഴയും ഐഎംഡി റിപ്പോർട്ട് ചെയ്തു.